കണ്ണൂര്‍: നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ റോയല്‍ ട്രാവന്‍കൂര്‍ കമ്പനി ചെയര്‍മാനും എം ഡിയുമായ രാഹുല്‍ ചക്രപാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെട്ടിപീടികയിലുള്ള റോയല്‍ ട്രാവന്‍കൂര്‍ ഫെഡറേഷന്റെ ഓഫീസില്‍ വെച്ച് വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കണ്ണൂർ ടൗണ്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
രാഹുല്‍ ചക്രപാണി കണ്ണൂരിലെ ഓഫീസിലുണ്ടെന്ന വിവരം അറിഞ്ഞെത്തിയ നിക്ഷേപകര്‍ ഓഫീസ് വളയുകയും തങ്ങളുടെ നിക്ഷേപം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ ടൗണ്‍ പൊലീസ് നിക്ഷേപകരുമായും രാഹുല്‍ ചക്രപാണിയുമായി സംസാരിക്കുകയും ചെയ്തുവെങ്കിലും നിക്ഷേപകരുടെ ആശങ്കക്ക് പരിഹാരം കാണാതാവുകയും ബഹളം തുടരുകയും ചെയ്തതോടെയായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സാധാരണക്കാരില്‍ നിന്നും മറ്റുമായി ഇയാള്‍ കോടികളുടെ നിക്ഷേപമാണ് സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. നിക്ഷേപകര്‍ പണം തിരിച്ചെടുക്കാന്‍ പോകുമ്പോള്‍ പല തവണ അവധി പറഞ്ഞ് നിക്ഷേപ സ്ഥാപനത്തിലെ ജീവനക്കാര്‍ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസമായി ഈ സ്ഥാപനത്തില്‍ നിരന്തരം നിക്ഷേപകര്‍ എത്തുകയും ചക്രപാണിയെ അന്വേഷിക്കുകയും ചെയ്തുവെങ്കിലും കണ്ടെത്തിയില്ല. ഇതിനിടയിലാണ് വെള്ളിയാഴ്ച കണ്ണൂരിലെ ഹെഡ് ഓഫീസില്‍ ചക്രപാണി എത്തിയിട്ടുണ്ടെന്ന വിവരം അറിയുന്നത്. ഇതോടെ നിക്ഷേപകര്‍ ഹെഡ് ഓഫീസ് വളയുകയായിരുന്നു.
നിക്ഷേപകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും എട്ട് കോടിയോളം രൂപ പിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവ ലഭിക്കുന്ന മുറക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും കഴിഞ്ഞദിവസം 50,000 രൂപയിലധികം രൂപ ഇവിടെ നിന്നും ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ചക്രപാണി പൊലീസിനോട് പറഞ്ഞു.
നിക്ഷേപകരുടെ പരാതിയില്‍ രാഹുല്‍ ചക്രപാണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കണ്ണൂര്‍ ടൗണ്‍ സി ഐ ബിനുമോഹന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
2021ലാണ് റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്ന സ്ഥാപനം കണ്ണൂർ ആസ്ഥാനമായി നിലവിൽ വരുന്നത്. കമ്പനി ആക്ട് അനുസരിച്ചാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനിൽ ചക്രപാണി എന്നയാളാണ് കമ്പനിയുടെ ചെയർമാനെന്ന് ഇവരുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ പറയുന്നു. ഇയാളുടെ സഹോദരനും കണ്ണൂരിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ഉടമയുമാണ് ഇന്ന് അറസ്റ്റിലായ രാഹുൽ ചാക്രപാണി.
Discussion about this post