ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും. ദൗത്യം വിജയകരമായാൽ ഐഎസ്ആർഒയ്ക്കും രാജ്യത്തിനും അത് അഭിമാന നേട്ടമായി മാറും. 126 ദിവസത്തെ യാത്രയ്ക്കൊടുവിൽ 15 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ എൽ വൺ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തുന്നത്. ഭൂമിയുടേയും സൂര്യന്റെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണ പഥത്തിലാണ് ആദിത്യ വലം വെക്കുക.
സെപ്തംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ആദിത്യ എല്‍1 വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 57 റോക്കറ്റിലായിരുന്നു വിക്ഷേപണം. സൂര്യന്‍റെ പ്രഭാമണ്ഡലത്തെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്‌ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.
ചന്ദ്രയാൻ മൂന്ന് പേടകം സഞ്ചരിച്ചതിന്റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷിക്കുന്നത്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയുമാണ് ഇതുവരെ സൗരദൗത്യങ്ങൾ നടത്തിയിട്ടുള്ളത്. ആദിത്യ എൽ വൺ ലക്ഷ്യം കണ്ടാൽ അത് ഇന്ത്യയുടെ ബഹിരാകാശ ചരിത്രം മാറ്റിമറിക്കും. സൗര ദൗത്യത്തിൽ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും .
കഴിഞ്ഞ മാസം ആദിത്യ എൽ 1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്‌ക് ചിത്രങ്ങൾ ഐഎസ്‌ഐർഒ പുറത്തുവിട്ടിരുന്നു. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് (SUIT) എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ 1 ചിത്രങ്ങൾ പകർത്തിയത്. 200- 400 നാനോമീറ്റർ തരംഗദൈർഘ്യത്തിൽ, വിവിധ ഫിൽട്ടറുകൾ ക്രമീകരിച്ച് സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ് പകർത്തിയതായും ഐഎസ്ആര്‍ഒ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
Discussion about this post