തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴു മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻസ് ആൻഡ് ട്രോമാ കെയർ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാജോർജ്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഒരു കുടക്കീഴിൽ തന്നെ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻസ് ആൻഡ് ട്രോമാ കെയർ. കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നീ ഏഴ് മെഡിക്കൽ കോളേജുകളിലാണ് പുതിയ സംവിധാനം ആരംഭിക്കുമെന്ന പ്രഖ്യാപനം മന്ത്രി നടത്തിയത്. അടിയന്തിര വൈദ്യ സഹായം ആവശ്യമുള്ളവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളജുകളിൽ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമർജൻസി മെഡിസിൻ വിഭാഗം എല്ലാ മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളേജുകളിലാണ് നിലവിൽ സംസ്ഥാനത്ത് എമെർജെൻസി ട്രോമാ കെയർ വിഭാഗം പ്രവർത്തിക്കുന്നത്. എമർജൻസി ട്രോമാ കെയർ വിഭാഗം ആരംഭിക്കുന്നതിന്റെ ഭാഗമായി, ഏഴു മെഡിക്കൽ കോളേജുകളിലും ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, രണ്ട് സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചതായും, സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളജുകളിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
അതെ സമയം സംസ്ഥാനത്ത് പനി ബാധിച്ചെത്തുന്നവർക്ക് പാരസെറ്റമോൾ പോലും പല സർക്കാർ ആശുപത്രികളിൽ നിന്നും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കൃത്യമായി മരുന്ന് സംഭരണം ഉറപ്പാക്കാൻ സാധിക്കാത്തതിനാൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനം ശക്തമാണ്
Discussion about this post