ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപ പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. സംഭവത്തില്‍ മാലദ്വീപ് ഹൈക്കമ്മിഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. തുടർന്ന് മാലദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബ് ഇന്ന് രാവിലെ വിദേശകാര്യ മന്ത്രാലയത്തിലെത്തി. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. പരാമർശങ്ങൾ വിവാദമായതോടെ മൂന്ന് മന്ത്രിമാർക്കെതിരായി സ്വീകരിച്ച നടപടി മാലദ്വീപ് ഹൈക്കമ്മീഷണർ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു. തുടര്‍ന്ന് മിനിറ്റുകൾക്കകം മാലദ്വീപ് ഹൈക്കമ്മീഷണർ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും മടങ്ങി.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാല്ദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർ നടത്തിയ പരാമർശങ്ങളിളാണ് വിവാധമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം പുറത്താക്കിയിരുന്നു. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് നടപടി. മന്ത്രിമാരുടേതു വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങളായിരുന്നുവെന്നും സർക്കാരിന്‍റെ നിലപാടല്ലെന്നും മാലദ്വീപ് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
മോദി ലക്ഷദ്വീപ് സന്ദർശിച്ചതിന്‍റെ ചിത്രങ്ങൾ പ്രചരിപ്പിച്ചത്, മാലദ്വീപിനെതിരായ നീക്കമായി ചില തീവ്രനിലപാടുള്ളവർ ചിത്രീകരിച്ചതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. വിവാദങ്ങള്‍ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ മാലദ്വീപ് ബഹിഷ്കരണാഹ്വാനങ്ങളും സജീവമായി. #boycotmaldives,#exploreindianislands തുടങ്ങിയ ഹാഷ്ടാഗുകളാണ് എക്സ് പ്ലാറ്റ്ഫോമില്‍ തരംഗമാകുന്നത്. അതേസമയം വിഷയത്തില്‍ തല്‍ക്കാലം പരസ്യ പ്രസ്താവന വേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്. കൂടുതല്‍ പ്രകോപനമുണ്ടായാല്‍ പരസ്യ പ്രസ്താവന നടത്തിയേക്കുമെന്നാണ് വിവരം.
Discussion about this post