ഇടുക്കി: തൊടുപുഴയിൽ എൽഡിഎഫ് നടത്തുന്നത് അനാവശ്യ ഹർത്താലാണെന്ന് ഡീൻ കുര്യാക്കോസ് എംപി . സിപിഎം വ്യാപാരികളെ ഭീഷണിപ്പെടുത്തുന്നു. വേണ്ടിവന്നാൽ പരിപാടിക്ക് സംരക്ഷണം നൽകുമെന്നും എംപി അറിയിച്ചു. സർക്കാരും ഗവർണറും തമ്മിൽ പോര് മുറുകുന്നതിനിടെയാണ് നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെത്തുന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ എത്തുന്നത്. ഗവർണർ എത്തുമെന്നറിയച്ചതോടെ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ് എൽ.ഡി.എഫ്. ഭൂനിയമഭേദഗതിയിൽ ഒപ്പുവെക്കാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിൽ എത്തുന്നതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇതേ ദിവസം രാജ്ഭവൻ മാർച്ചും എൽഡിഎഫ് പ്രഖ്യാപിച്ചുണ്ട്.
ഗവർണറുടെ വരവ് സംഘർഷമുണ്ടാക്കാനാണെന്ന് സി.പി.എമ്മും മറിച്ച് ഹർത്താൽ നടത്തി സി.പി.എം ജില്ലയെ സംഘർഷ ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫും ആരോപിക്കുന്നു. അതേ സമയം ശബരിമല തീർഥാടനത്തിന് തടയിടാൻ വേണ്ടിയാണ് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഗവർണറെ തടയാൻ അനുവദിക്കില്ലെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് പി സന്തോഷ് കുമാർ അറിയിച്ചു.
ജില്ലയിലെ പതിനായിരക്കണക്കായ വ്യാപാരികൾക്ക് സാന്ത്വനമാകുന്ന പദ്ധതിയുടെ ഉദ്ഘാടന ദിവസം ഹർത്താൽ പ്രഖ്യാപിച്ചത് ശരിയാണോ എന്ന് ചിന്തിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അഭിപ്രായപ്പെട്ടു. ജനുവരി 9ന് ഹർത്താൽ നടത്താൻ ഉണ്ടായ പ്രകോപനം ഇടതു മുന്നണി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൂന്നു മാസം മുമ്പ് തീരുമാനമായ ചടങ്ങിലേക്കാണ് ഗവർണർ എത്തുന്നതെന്നും ഒരു കാരണവശാലും മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സണ്ണി കൂട്ടിച്ചേർത്തു. വ്യാപാരി വ്യവസായികൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ പരിപാടിയാണിത്, പങ്കെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post