ഡൽഹി: ബിൽക്കിസ് ബാനു ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. രണ്ടാഴ്ചയ്ക്കകം പ്രതികളോട് കോടതിയിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. ബലാത്സംഗ കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടി റദ്ധാക്കിക്കൊണ്ടാണ് സുപ്രീം കോടതി വിധി .
മഹാരാഷ്ട്രയിൽ നടന്ന കേസായതിനാൽ പ്രതികളെ വിട്ടയക്കാൻ നടപടിയെടുക്കേണ്ടത് മഹാരാഷ്ട്ര സർക്കാരാണെന്നാണെന്നും, ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിച്ചുവെന്നും ജസ്റ്റിസ് നാഗരത്‌ന ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിലയിരുത്തി. വിധി പ്രസ്താവം 56 മിനിറ്റ് നീണ്ടു നിന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ സമീപകാലത്തൊന്നും ഇത്രയും ദൈർഘ്യമേറിയ വിധിപ്രസ്താവം ഉണ്ടായിട്ടില്ല.
അതെ സമയം കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതില്‍ ഗുജറാത്ത് സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശിക്ഷാവിധിയിൽ ഇളവ് നൽകാൻ കുറ്റകൃത്യം നടന്ന സംസ്ഥാനമായ ഗുജറാത്തിലെ സര്‍ക്കാരിന് അധികാരമില്ലെന്നും, ഇത് അധികാര ദുർവിനിയോഗം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി
വസ്തുതകൾ മറച്ചുവച്ച് കോടതിയെ സമീപിച്ചതിന് പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ‘പ്രതിയുടെ മാറ്റത്തിനും നവീകരണത്തിനുമാണ് ശിക്ഷ വിധിക്കുന്നത്. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്നും കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ശിക്ഷാ ഇളവ് നേടിയവര്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗ കേസുകളിലും പ്രതികളാണ്.
നേരത്തെ പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമാണെന്ന് സുപ്രീം കോടതി നേരത്തെ വിലയിരുത്തി.
1992ലെ ശിക്ഷാ ഇളവ് നയപ്രകാരമാണ് തീരുമാനമെടുത്തത് എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ മറുപടി വാദം. 14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 11 പ്രതികളെയും അവരുടെ പെരുമാറ്റം നല്ലതാണെന്ന് കണ്ടാണ് വിട്ടയക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. കേസ് സിബിഐ അന്വേഷിച്ചതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമായ അനുമതിയോടെയാണ് തീരുമാനമെന്നും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post