തൃശൂർ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് കേന്ദ്രം പൊലീസിനോട് റിപ്പോർട്ട് തേടി. ഈ മാസം 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. ഒക്ടോബറിൽ കുടുംബത്തോടൊപ്പം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ സുരേഷ് ഗോപി വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹത്തിൽ പങ്കെടുത്ത ശേഷം കൊച്ചിയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈയിൽ നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹ സൽക്കാരമുണ്ടാകുമെന്നാണ് വിവരം. ഈ മാസം 3ന് പ്രധാനമന്ത്രി തൃശൂരിൽ എത്തിയ ദിവസം മക്കളമായ മാധവിനും ഭാവ്‌നിക്കും ഒപ്പം സുരേഷ് ഗോപി പ്രധാനമന്ത്രിയെ സ്വകാര്യമായി സന്ദർശിച്ചിരുന്നു.

