കൊല്ലം∙ അഞ്ചു ദിവസത്തെ കലാമാമാങ്കത്തില്‍ കപ്പടിച്ച് കണ്ണൂർ. 952 പോയിന്റു നേടിയാണ് വിജയം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 23 വർഷങ്ങൾക്കു ശേഷമാണ് കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിടുന്നത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ 4-ാം കിരീടനേട്ടമാണിത്. 938 പോയന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂര്‍ നാലാം സ്ഥാനത്തുെമത്തി.
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്. ആദ്യ നാല് ദിവസവും കണ്ണൂർ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. സമാപന ദിവസം ഇഞ്ചോടിഞ് പോരാട്ടമാണ് കൊല്ലത്തിന്റെ മണ്ണിൽ അരങ്ങേറിയത്. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടന്‍ മമ്മൂട്ടിയെത്തും.

