ജമ്മു കാശ്മീർ:കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം റദ്ദാക്കി.മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം മാറ്റേണ്ടിവന്നത്. അടുത്തിടെ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലെത്തി അദ്ദേഹം സുരക്ഷ അവലോകനം നടത്താനിരിക്കുകയായിരുന്നു. ചൊവ്വാഴ്ച നടത്താനിരുന്ന സന്ദര്‍ശനത്തിനിടെ അമിത് ഷാ ജമ്മുവില്‍ നടക്കുന്ന വിക്ഷിത് ഭാരത് സങ്കല്‍പ് യാത്രയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. കൂടാതെ നഗരത്തിലെ ഇ-ബസുകള്‍ ഉള്‍പ്പെടെ 1,379 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും 2,348 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും നിശ്ചയിച്ചിരുന്നു.
പൂഞ്ച് സെക്ടറിലെ ദേരാ കി ഗലിയിലേക്ക് പോകാനും ഈ പ്രദേശത്ത് അടുത്തിടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ കുടുംബങ്ങളെ കാണാനും അമിത് ഷാ തീരുമാനിച്ചിരുന്നു. 2023 ഡിസംബര്‍ 23 ന് പൂഞ്ച് ജില്ലയില്‍ ഭീകരാക്രമണം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് മൂന്ന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരുടേത് 48 ആര്‍ആര്‍ സൈനിക ക്യാമ്പിനുള്ളിലെ കസ്റ്റഡി കൊലപാതകങ്ങളാണെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ജമ്മു കശ്മീര്‍ ഭരണകൂടം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ചു. പൂഞ്ച് ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം നടന്നത്.
ജനുവരി 2 ന് ന്യൂഡല്‍ഹിയില്‍ ജമ്മു കശ്മീരിനെക്കുറിച്ചുള്ള സുരക്ഷാ അവലോകന യോഗം അമിത് ഷാ നടത്തിയിരുന്നു.
സുരക്ഷ ശക്തമാക്കുന്നതിന് പോലീസും സൈന്യവും സിആര്‍പിഎഫും തമ്മിലുള്ള മികച്ച ഏകോപനം സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നു. പ്രാദേശിക ഇന്റലിജൻസ് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഇന്റലിജൻസ് ബ്യൂറോ ചീഫ് തപൻ ദേക, റോ മേധാവി, ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ചീഫ് സെക്രട്ടറി അടൽ ദുല്ലൂ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർആർ സ്വെയിൻ എന്നിവരും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Discussion about this post