പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അടൂരിലെ രാഹുലിന്റെ വീട്ടിലെത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്യും.
നവകേരളയാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐയും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്‍റോണ്‍മെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളാണ്. സംഘംചേര്‍ന്ന് അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
Discussion about this post