ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് സീറ്റ് വാഗ്ദാനം ചെയ്ത് എഎപി. കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ മൂന്നും പഞ്ചാബില്‍ ആറും സീറ്റുകള്‍ നല്‍കാമെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു. രാജ്യതലസ്ഥാനത്ത് നിലവിൽ കോൺഗ്രസിന് എംപിമാരില്ല. ഗുജറാത്തിൽ ഒരു ലോക്‌സഭാ സീറ്റും ഹരിയാനയിൽ 3 സീറ്റും ഗോവയിൽ 1 സീറ്റുമാണ് ആം ആദ്മി പാർട്ടിയുടെ വാഗ്ദാനം.
നിലവിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച്, കോൺഗ്രസും എഎപിയും കഴിഞ്ഞ ദിവസം നടത്തിയ സഖ്യചര്‍ച്ചയിലാണ് ആം ആദ്മി പാര്‍ട്ടി സീറ്റ് വിഭജനത്തിനുള്ള ഫോര്‍മുല മുന്നോട്ടുവെച്ചത്. ഇന്ത്യാ മുന്നണിയുടെ ഭാഗമായുള്ള ആദ്യ സീറ്റ് വിഭജന ചര്‍ച്ചയാണിത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്‌നിക്കും അശോക് ഗെലോട്ടും സീറ്റ് വിഭജന സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. എഎപിയെ പ്രതിനിധീകരിച്ച് രാജ്യസഭാ എംപി സന്ദീപ് പഥക്, ഡൽഹി ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവർ പങ്കെടുത്തു. ഡൽഹിയിൽ കോൺഗ്രസിന് മൂന്ന് ലോക്‌സഭാ സീറ്റുകൾ വാഗ്ദാനം ചെയ്തതായി എഎപി വൃത്തങ്ങൾ അറിയിച്ചു. യോഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം ഇന്ത്യാ മുന്നണിയുടെ എല്ലാ നേതാക്കളെയും വിളിച്ച് ചർച്ചകൾ നടത്താൻ കഴിയുന്ന ഒരു ഓഫീസ് ഡൽഹിയിൽ സ്ഥാപിക്കാൻ യോഗചത്തിൽ നിർദ്ദേശമുണ്ട്. കോൺഗ്രസും എഎപിയും ശക്തമായ തയ്യാറെടുപ്പോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ബിജെപിയെ പരാജയപ്പെടുത്തുമെന്നും യോഗത്തിന് ശേഷം മുകുൾ വാസ്നിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചർച്ചയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുന്നത് ശരിയല്ല, അതിനാൽ കാത്തിരിക്കണം. ഒരുമിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞങ്ങൾ നേരത്തെ തീരുമാനിച്ചതാണെന്നും. കോൺഗ്രസും എഎപിയും ഇന്ത്യൻ സഖ്യത്തിന്റെ പ്രധാന ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

