ഡൽഹി: ഹരിയാനയിലെ സിർസയിൽ നിന്നുള്ള അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥിനികൾ ലൈംഗീക പീഠനത്തിനിരയായതായി പരാതി. ചൗധരി ദേവി ലാൽ സർവകലാശാലയിലെ പ്രൊഫസർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, മുഖ്യമന്ത്രി എംഎൽ ഖട്ടറിനും വിദ്യാർത്ഥിനികൾ കത്തയച്ചു.
പ്രൊഫസറെ സസ്‌പെൻഡ് ചെയ്യണമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടു.
കത്തിന്റെ പകർപ്പുകൾ വൈസ് ചാൻസലർ ഡോ. അജ്മീർ സിംഗ് മാലിക്, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ, മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപനങ്ങൾക്കും അയച്ചിട്ടുണ്ട്.
പ്രൊഫസർക്കെതിരെ ഹീനവും അശ്ലീലവുമായ പല പ്രവൃത്തികളും കത്തിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. കത്തിൽ പറയുന്നതനുസരിച്ച്, പെൺകുട്ടികളെ തന്റെ ഓഫീസിലേക്ക് വിളിക്കുകയും അവരെ ബാത്ത്റൂമിലേക്ക് കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയും, പ്രതിഷേധിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടികൾ പറയുന്നു.
പീഠനം ഏറെ മാസങ്ങളായി നടക്കുന്നുണ്ടെന്നും, ഉയർന്ന പദവിയില്‍ ഉള്ള വ്യക്തിയായത് കൊണ്ട് പ്രൊഫസർക്കെതിരെ ഉള്ള ആരോപണം ആരും പരിഗണിക്കുന്നില്ലെന്നും കുട്ടികള്‍ പറയുന്നു.
വൈസ് ചാൻസലറോട് സഹായം അഭ്യര്‍ത്ഥിച്ചപ്പോൾ കോളേജില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും, പരാതിയിൽ പറയുന്നു.
സംഭവം പുറത്ത് പറയാതിരിക്കാൻ എഴുത്ത്, പ്രായോഗിക പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച മാർക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും കത്തിലുണ്ട്. കുറ്റാരോപിതനായ പ്രൊഫസർ തന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം ഇല്ലാതാക്കിയെന്ന് കത്തിൽ ആരോപിക്കുന്നുണ്ട്.
അതേ സമയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഐപിഎസ് ഓഫീസർ ദീപ്തി ഗാർഗിന്റെ കീഴിലെ സംഘം സർവകലാശാല സന്ദർശിച്ച് നിരവധി ആളുകളിൽ നിന്ന് മൊഴിയെടുത്തു.
Discussion about this post