തൊടുപുഴ: തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതിന് മുന്പും തനിക്ക് നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. അപ്പോഴില്ലാത്ത ഭയം ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു ഗവർണർ.
‘ഒരു ഭീഷണിയുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് 72 വയസായി. ഞാന്‍ കോഴിക്കോട്ടെ റോഡിലൂടെ നടക്കുന്നത് നിങ്ങള്‍ കണ്ടതല്ലേ? എനിക്ക് ഒരു ഭീഷണിയുമില്ല. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇതുവരെയുള്ള ജീവിതത്തിൽ തന്നെ അപായപ്പെടുത്താൻ പല തവണ ശ്രമം നടന്നിട്ടുണ്ട്. 35-ാം വയസിൽ 5 തവണയാണ് വധഭീഷണി ഉണ്ടായതെന്നും, അപ്പോഴൊന്നും താൻ ഭയപ്പെട്ടിട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പരിപാടി കഴിഞ്ഞു മടങ്ങവേ വാഹനത്തിൽ നിന്ന് ഇറങ്ങിയ ഗവർണ്ണർ, ഒരു മിനിറ്റിലധികം റോഡിലൂടെ നടക്കുകയും, വഴിയിൽ കണ്ട കുട്ടികളോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. വിവിധ ഇടങ്ങളിൽ ഡി വൈ എഫ് ഐ, എസ്.എഫ്.ഐ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി. എസ്.എഫ്.ഐ, ഡി വൈ എഫ് ഐ പ്രതിഷേധം മുന്നിൽ കണ്ട് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.
ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് എൽ.ഡി.എഫിന്റെ ഹർത്താൽ. അതേസമയം ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് എല്‍ഡിഎഫ് അറിയിച്ചു. എന്നാല്‍ ബില്ലില്‍ ഒപ്പിടാത്തതിന് കാരണം സര്‍ക്കാര്‍ ആണെന്നാണ് ഗവര്‍ണറുടെ പ്രതികരണം.
Discussion about this post