ദില്ലി:മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശനത്തിന് അനുമതി തേടിയിട്ടുണ്ട്.
ഈ മാസം അവസാനം സന്ദർശനത്തിന് താൽപര്യം പ്രകടിപ്പിച്ചതായാണ്ലഭ്യമാകുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മാലിദ്വീപ് മന്ത്രിമാരുടെ അപകീർത്തി പരാമർശത്തിനിടെയാണ് സന്ദർശനത്തിന് അനുമതി തേടിയിരിക്കുന്നത്.
ലക്ഷദ്വീപിൽ ടൂറിസം പ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റിനെതിരെ മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്സും മജീദ് എന്നിവർ അപകീർത്തികരമായ പരാമർശങ്ങളോടെ പ്രതികരിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയത്. തുടർന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇവരെ സസ്പെൻഡ് ചെയ്യുകയും ഇതുസംബന്ധിച്ച ട്വീറ്റുകൾ നീക്കം ചെയ്യിക്കുകയും ചെയ്‌തിരുന്നു.അതു കൂടാതെ, വിഷയത്തിൽ കഴിഞ്ഞദിവസം ഹൈക്കമ്മിഷണർ ഇബ്രാഹിം ഷഹീബിനെ വിളിച്ചുവരുത്തി ഇന്ത്യ വിശദീകരണം തേടിയിരുന്നു.
സാധാരണയായി മാലദ്വീപ് പ്രസിഡന്റുമാർ അധികാരമേറ്റാൽ ആദ്യം സന്ദർശിക്കുന്നത് ഇന്ത്യയാണ്. എന്നാൽ കഴിഞ്ഞ നവംബർ 17നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കാര്യവും തെറ്റിച്ചിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര നടത്തിയ അദ്ദേഹം ആദ്യം തുർക്കിയിലേക്കാണു പോയത്. പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക് പോവുകയാണ് ചെയ്തത്. അവിടെ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോൾ മുഹമ്മദ് മുയിസു, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണത്തെ തുടർന്ന് ചൈന സന്ദർശനത്തിലാണ്. രാജ്യത്തിന്റെ അടുത്ത പരമ്ബരാഗത സഖ്യകക്ഷികളിലൊന്നായ ഇന്ത്യയുമായി ദ്വീപ് രാഷ്ട്രം നയതന്ത്ര തർക്കത്തിൽ അകപ്പെട്ടിരിക്കുന്ന സമയത്താണ് മുഹമ്മദ് മുയിസുവിൻ്റെ ചൈനാ യാത്ര.
Discussion about this post