കോഴിക്കോട്: ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് വൻ വിദ്യാർത്ഥി -യുവജന സംഗമം. ജനുവരി 12 മുതൽ ഫെബ്രുവരി 3 വരെ വിവിധ പരിപാടികളോടെ വിവേകാനന്ദ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുമെന്ന് ദേശീയ യുവജനദിനാഘോഷക്കമ്മിറ്റി കൺവീനർ കിരൺ എസ് കുമാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എൻഐടി ഡയറക്ട്ർ ഡോ : പ്രസാദ് കൃഷ്ണ ചെയർമാൻ ആയ സമിതിയുടെ നേതൃത്വത്തിൽ നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
ജനുവരി 12 ന് സ്പോർട്സ് താരങ്ങൾ അടക്കം,ആയിരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കൂട്ടയോട്ടത്തോടെയാണ് യുവജനദിനാഘോഷങ്ങൾക്ക് തുടക്കമാവുക. 12 നു വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ബീച്ചിൽ മുൻ ഇന്ത്യൻവോളിബോൾ ക്യാപ്റ്റൻ വിബിൻ എം ജോർജ് കൂട്ടയോട്ടം ഉത്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്കൂളുകളിലും, കോളേജുകളിലും വിവിധ മത്സരപരിപാടികൾ സംഘടിപ്പിക്കും, ടർഫ് കേന്ദ്രീകരിച്ചുള്ള ഫുട്ബോൾ ടൂർണമെന്റ് , കബഡി, തുടങ്ങിയ മത്സരങ്ങൾക്കൊപ്പം , റീല് മേക്കിങ് , ഫ്ലാഷ് മൊബ് മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ ആഘോഷത്തിന്റെ ഭാഗമായി നടക്കുമെന്നും സംഘാടകർ അറിയിച്ചു.
ഫെബ്രുവരി മൂന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര മന്ത്രിമാരും, സെലിബ്രിറ്റികളും പങ്കെടുക്കും. രണ്ടായിരം യുവജനങ്ങളെ പങ്കെടുപ്പിച്ച്, ‘AWAKE 2024’ എന്നപേരിൽ വിവിധ പരിപാടികളോടെ വിപുലമായ യുവജന സംഗമം നടക്കുമെന്നും പ്രോഗ്രാം കോർഡിനേറ്റർ അഡ്വ കെടി ശ്യാം ശങ്കറും, മീഡിയ കൺവീനർ എ എ ശ്യാംകുമാറും അറിയിച്ചു
Discussion about this post