ചന്ദനലേപ സുഗന്ധം ചാര്‍ത്തിയ സംഗീത മധുരിമക്ക്, മലയാളികളുടെ ദാസേട്ടന് ഇന്ന് 84ാം പിറന്നാൾ. ആയിരം മാസം ജീവിച്ച്, ആയിരം പൂർണചന്ദ്രന്മാരെ കാണാനാവുകയെന്ന സൗഭാഗ്യ മുഹൂർത്തമാണ് ശതാഭിഷേകം. കേൾക്കുന്തോറും വിസ്മയമേറുന്ന ആ മധുര സംഗീതം, ആറു പതിറ്റാണ്ടായി മലയാളിയുടെ നിത്യജീവിതത്തിലൂടെ ഒഴുകുന്നു. മനുഷ്യനെയും ഈശ്വരനെയും ഒരുപോലെ പാടി ഉണർത്താനും ഉറക്കാനും വിധിച്ച സുന്ദര സ്വരം. പാട്ടിൽ പ്രിയമുള്ള ഓരോ മലയാളിയുടെയും ഹൃദയത്തിൽ നിന്നും ഒരിക്കലും അടർത്തി മാറ്റാനാവാത്തതാണ് ദാസേട്ടന്റെ പാട്ടുകൾ.
ഗന്ധർവ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത്ര എളുപ്പമുളളത്തായിരുന്നില്ല. പിതാവ് സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫില്‍ നിന്ന് സംഗീതത്തിന്‍റെ ആദ്യ പാഠങ്ങള്‍ പഠിച്ച യേശുദാസ് പിന്നീട് തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളെജ് എന്നിവിടങ്ങളിലും പഠിച്ചു. ഗാനഭൂഷണം പാസായതിനു ശേഷം ആകാശവാണി നടത്തിയ ശബ്‍ദപരിശോധനയില്‍ യേശുദാസ് പങ്കെടുത്തു. പക്ഷേ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നീട് പി വി കൃഷ്‍ണയ്യരുടെ സംവിധാനത്തില്‍ 1950ല്‍ പുറത്തെത്തിയ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പിന്നണി പാടാനുള്ള അവസരം തട്ടിതെറിപ്പിച്ചതാണ് കരിയറിന്‍റെ ആദ്യ ഘട്ടത്തിലെ മറ്റൊരു തിരസ്‍കാരം.

