ലഖിംപൂര്‍ ഖേരി: ഒരു വീട്ടിലെ അഞ്ചു കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനു ശേഷം ഉറങ്ങാന്‍ കിടന്നതാണ് അപകടത്തിനു കാരണമെന്നാണ് സൂചന. ഓക്സിജന്റെ അഭാവം മൂലമാകാം മരണമെന്നും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി ഉറങ്ങാൻ പോയ കുടുംബത്തിലെ ഏഴ് പേരെയും ചൊവ്വാഴ്ച വൈകിട്ടായിട്ടും കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ വീടിന്റെ വാതിൽ തുറന്നുനോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയും സഹോദരനുമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. പൊലീസ് സൂപ്രണ്ട് കുൻവർ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

