ഡൽഹി : ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി നിഷേധിച്ചു. കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് കർണാടകത്തിനും കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുന്നത്.
അതെ സമയം അനുമതി നിഷേധിക്കപ്പെട്ട നിശ്ചല ദൃശ്യങ്ങൾ ഭാരത് പർവിൽ ഉൾപ്പെടുത്താമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിശ്ചല ദൃശ്യങ്ങൾക്കായി നിർദേശിച്ചത്. ഈ പ്രമേയം അനുസരിച്ചായിരുന്നു നിശ്ചല ദൃശ്യങ്ങള്‍ തയ്യാറാക്കേണ്ടിയിരുന്നത്. എന്നാൽ കേരളത്തിന്റെ വികസന നേട്ടങ്ങളാണ് നിശ്ചലദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയിരുന്നതെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ഇതേ കാരണം കാണിച്ചാണ് കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയത്. കഴിഞ്ഞ വർഷം ബിജെപി സർക്കാർ നൽകിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കർണാടകയ്ക്ക് പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു.
കേന്ദ്ര സർക്കാർ മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനങ്ങൾ നൽകിയ മാതൃകകൾ പരിശോധിച്ചത്. ഇതിനെ തുടന്ന് കേന്ദ്രസർക്കാർ ചില ഭേദഗതികൾ നിർദ്ദേശിച്ചിരുന്നു. ഈ ഭേദഗതികൾ വരുത്തി നാല് മാതൃകകൾ കേരളം വീണ്ടും സമർപ്പിച്ചെങ്കിലും അതും തള്ളുകയായിരുന്നു. ജനാധിപത്യത്തിന്‍റെ മാതാവ് എന്ന വിഷയത്തിൽ സമർപ്പിച്ച സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാൻ്റെ പ്രതിമ ഉള്‍പ്പെട്ട മാതൃകയും . വികസിത ഭാരതമെന്ന വിഷയത്തില്‍ ലൈഫ് മിഷൻ പദ്ധതി കേന്ദ്രീകരിച്ചുള്ള മാതൃകയുമായിരുന്നു കേരളം സമർപ്പിച്ചത്. മലയാളി ശാസ്ത്രജ്ഞ ടെസി തോമസിന്‍റെ പ്രതിമ അടങ്ങിയ മാതൃകയായിരുന്നു കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്തെ നേട്ടം പറഞ്ഞുള്ള മോഡലായി സമർപ്പിച്ചത്. കേരള ടൂറിസത്തിൻ്റെ മാതൃകയായിരുന്നു നാലാമത്തേത്. ഈ നാല് മാതൃകകളും കേന്ദ്ര പ്രതിരോധമന്ത്രാലയം തള്ളുകയായിരുന്നു.
പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളുടെ അനുമതി നേരത്തെ തള്ളിയിരുന്നു. അനുമതി നിഷേധിച്ചതിനെതിരെ പഞ്ചാബ് പശ്ചിമബംഗാൾ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്രത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 2023ലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ മാതൃകയ്ക്ക് അനുമതി ലഭിച്ചിരുന്നു. എന്നാൽ 2020ലും 2022ലും കേരളത്തിന്‍റെ നിശ്ചലദൃശ്യങ്ങളുടെ മാതൃക കേന്ദ്ര സർക്കാർ തള്ളിയിരുന്നു.
Discussion about this post