മുംബൈ: ഗുജറാത്തിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്. 2025ഓടെ ഗുജറാത്തിൽ 55,000 കോടി രൂപയും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം കോടി രൂപയിലധികവും നിക്ഷേപിക്കാനാണ് തീരുമാനം. നേരിട്ടും അല്ലാതെയും ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നിക്ഷേപം സഹായിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
“ഞങ്ങൾ ഒരു ആത്മനിർഭർ ഭാരതിനായി ഹരിത വിതരണ ശൃംഖല വികസിപ്പിക്കുകയും ഏറ്റവും വലിയ സംയോജിത, പുനരുപയോഗിക്കാവുന്ന ഊർജ്ജ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് രണ്ട് ലക്ഷം കോടി രൂപ ഗുജറാത്തിൽ നിക്ഷേപിക്കും” ഗൗതം അദാനി പറഞ്ഞു. ഈ മൾട്ടി-ബില്യൺ ഡോളർ നിക്ഷേപം നൂതനാശയങ്ങൾ സൃഷ്ടിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗുജറാത്തിലെ പുനരുപയോഗ ഊർജ മേഖലയുടെ വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നതിനുമാണ്. നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗൗതം അദാനി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകമെമ്പാടുമുള്ള വൻകിട വ്യവസായികളും നിരവധി കേന്ദ്രമന്ത്രിമാരും വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സാഇദ് ആൽ നഹ്യാനും ഉച്ചകോടിയിലെ സാന്നിധ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുക മാത്രമല്ല, അത് രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ 2047ഓടെ സമ്പൂർണ വികസിത രാജ്യമായി മാറുകയാണ്. പ്രധാനമന്ത്രി ഇന്ത്യയെ ലോക ഭൂപടത്തിൽ വലിയ ശക്തിയായി മാറ്റുകയും സ്വയം പര്യാപ്തമാക്കുകയും ചെയ്യുന്നുവെന്നും ചടങ്ങിൽ ഗൗതം അദാനി പറഞ്ഞു.

