അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തുന്ന അശ്ലീല ഉള്ളടക്കത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്യുന്ന ചാനലുകളുടെ പട്ടിക ഹാജരാകാൻ ആവശ്യപ്പെട്ട് എൻസിപിസിആർ യൂട്യൂബ് ഇന്ത്യയ്ക്ക് നോട്ടീസ് നൽകി. ജനുവരി 15ന് നേരിട്ട് ഹാജരാക്കാനാണ് നിർദ്ദേശം. യൂട്യൂബിന്റെ ഇന്ത്യയിലെ ഗവൺമെന്റ് അഫയേഴ്‌സ് ആൻഡ് പബ്ലിക് പോളിസി മേധാവി മീരാ ചാറ്റിനാണ് കത്ത് നൽകിയിരിക്കുന്നത്.
അമ്മമാരെയും കുട്ടികളെയും ഉൾപ്പെടുത്തി ചിത്രീകരിക്കുന്ന യൂട്യൂബ് ചാനലുകളുടെ ഭയാനകമായ പ്രവണത കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എൻസിപിസിആർ മേധാവി പ്രിയങ്ക് കനൂംഗോ കത്തിൽ പറഞ്ഞു. യൂട്യൂബിലെ ചലഞ്ച് വീഡിയോകളിലാണ് ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. അമ്മമാരും മക്കളും തമ്മിലുള്ള അശ്ലീല പ്രവൃത്തികൾ, അമ്മമാരും കൗമാരക്കാരായ ആൺമക്കളും തമ്മിലുള്ള ചുംബനങ്ങൾ എന്നിവ ഉൾപ്പെടുന്നതായും കത്തിൽ പറയുന്നു. യൂട്യൂബിലെ അമ്മമാരെയും മക്കളെയും അവതരിപ്പിക്കുന്ന നിരവധി ചലഞ്ച് വീഡിയോകൾ, പോക്‌സോ നിയമത്തിന്റെ ലംഘനമാണ്. യൂട്യൂബ് ഈ പ്രശ്നം പരിഹരിക്കേണ്ടതുണ്ടെന്ന് കനൂംഗോ പറഞ്ഞു. ഇത്തരം വീഡിയോകളുടെ വാണിജ്യവൽക്കരണം പോൺ വിൽപന പോലെയാണ്. കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വീഡിയോകൾ പ്രദർശിപ്പിക്കുന്ന ഏത് പ്ലാറ്റ്‌ഫോമും ജയിലിൽ പോകേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു.
Discussion about this post