അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയുടെ ക്ഷണം നിരസിച്ചതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം. സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് പാർട്ടി വ്യക്തമാക്കിയത്. പൂർണ്ണമായും ഇതൊരു ആർഎസ്എസ്- ബിജെപി പരിപാടിയാണെന്നാണ് കോൺഗ്രസ് വാദം. കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പങ്കെടുക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ ഇപ്പോഴിതാ പാർട്ടിയിലും പ്രതിഷേധം ഉയർന്നിരിക്കയാണ്.
കോൺഗ്രസ് ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമായിരുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗുജറാത്തിലെ പോർബന്തർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അർജുൻ മോദ്‌വാദിയ പ്രതിഷേധം അറിയിച്ചത്. രാമ ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്കുള്ള ക്ഷണം കോൺഗ്രസ് നേതാക്കൾ നിരസിക്കുകയാണെന്ന് അറിയിച്ചു കൊണ്ടുള്ള ജയറാം രമേശിൻ്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് മോദ്‌വാദിയ തൻ്റെ പ്രതിഷേധം അറിയിച്ചത്. ഇത് നാട്ടുകാരുടെ വിശ്വാസത്തിൻ്റെ പ്രശ്നമാണെന്നും ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമായിരുന്നു എന്നുമാണ് അദ്ദേഹം കുറിച്ചത്.
Discussion about this post