എറണാകുളം:ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒരു ജയറാം ചിത്രം തിയേറ്ററിൽ എത്തിയിരിക്കുകയാണ്.മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ‘ഓസ്‌ലറി’ന്റെ റിലീസ് ഇന്നാണ്. തിയേറ്ററുകളിൽ വൻ തിരക്കാണ് കാണാൻ കഴിയുന്നത്. ഹൗസ് ഫുള്ളായി പ്രദർശനം ആരംഭിച്ചിരിക്കുന്ന ചിത്രം 2024-ലെ ആദ്യ വലിയ റിലീസാണ്. ജയറാമിന്റെ വമ്പൻ തിരിച്ചുവരവെന്നാണ് ആദ്യ പ്രതികരണങ്ങൾ നൽകുന്ന സൂചന. ഒരു ഹിറ്റ് എന്തായാലും പ്രതീക്ഷിക്കാൻ സാധിക്കുമെന്നും ട്വിറ്ററിൽ അഭിപ്രായങ്ങളെത്തുന്നുണ്ട്.
2020ലെ വിജയ ചിത്രം ‘അഞ്ചാം പാതിരാ’യ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സിനിമയെന്നത് പ്രതീക്ഷയാണ്. ഓസ്‌ലറിൽ മമ്മൂട്ടി കാമിയോ വേഷത്തിൽ എത്തുന്നതും പ്രേക്ഷകരെ തിയേറ്ററിലേക്ക് അകർഷിക്കും. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.
അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ഡോ രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ഓസ്‍ലറിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.
Discussion about this post