തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റ ഷെഡ്യൂളിൽ മാറ്റം വരുത്തണമെന്നാവശ്യവുമായി പ്രതിപക്ഷം. ഇതുസബന്ധിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. നിലവിൽ ഷെഡ്യൂൾ ചെയ്ത സമയത്ത് കെപിസിസി ജാഥ നടക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നും ഫെബ്രുവരി 9 മുതൽ 25 വരെ ജാഥ ഉള്ളതിനാൽ ഈ ദിവസങ്ങളിലെ ഷെഡ്യൂൾ മാറ്റണമെന്നുമാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ജനുവരി 25 മുതൽ ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
നവ കേരള യാത്രയും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം കടുത്ത പ്രതിഷേധത്തോടെയാവും പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനത്തിന് തുടക്കമിടുക. പ്രസംഗം വായിക്കണമെന്ന ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ രാജ്ഭവൻ ശ്രമിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ച ജനുവരി 29 മുതൽ ജനുവരി 31 വരെ നടക്കും. ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന സമ്മേളനത്തിൽ ബജറ്റ് അവതരണത്തിന് ശേഷം ഫെബ്രുവരി 12ന് വീണ്ടും ചേരും. 14 വരെ ബജറ്റ് ചർച്ച നടക്കും. ഫെബ്രുവരി 15 മുതൽ 25 വരെ സഭാ സമ്മേളനം നടക്കില്ല. തുടർന്ന് ഫെബ്രുവരി 26 മുതൽ ബജറ്റ് മേലുള്ള വോട്ടെടുപ്പടക്കം നടപടികൾ തുടരും. മാർച്ച് ഒന്ന് മുതൽ 27 വരെയുള്ള ദിവസങ്ങളിൽ നിയമസഭയിൽ വിവിധ ബില്ലുകൾ അവതരിപ്പിക്കുമെന്നും നിയമസഭാ സെക്രട്ടറി അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബജറ്റിൽ ജനപ്രിയ തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വരുന്ന ബജറ്റിൽ ചെലവു ചുരുക്കലിനാകും ശ്രദ്ധയെന്നും ഒരുവിഭാഗം കരുതുന്നു.
Discussion about this post