രണ്ടാം മോദി സർക്കാറിന്റെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ഈ ബജറ്റിൽ വലിയ ഇളവുകളാണ് നികുതിദായകർ പ്രതീക്ഷിക്കുന്നത്. പുതിയതും പഴയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിലുള്ള അടിസ്ഥാന ഇളവുകളുടെ പരിധിയിലും എച്ച്ആർഎ ഇളവിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഈ മാസം 31 മുതൽ പെബ്രുവരി 9 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. 31 ന് രാഷ്‌ട്രപതി പാർലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും.
2014 മുതൽ നികുതി സ്ലാബുകൾ മാറ്റമില്ലാതെ തുടരുകയാണ്. നികുതി സ്ലാബ് പരിഷ്ക്കരിക്കുന്നത് ഇടത്തരം വരുമാനക്കാരുടെ കൈകളിൽ കൂടുതൽ പണം എത്തിക്കും . ഇത് വിലക്കയറ്റം മൂലമുള്ള ചെലവ് നേരിടാൻ അവർക്ക് സഹാകരമാകുമെന്ന് വിദഗ്ധർ പറയുന്നു . സർക്കാരിന്റെ സാമ്പത്തിക പരിമിതികൾ കണക്കിലെടുത്ത് ആദായനികുതി വെട്ടിക്കുറയ്ക്കുന്നതിന് സാധ്യതയില്ലെങ്കിലും നികുതി രഹിത പരിധികൾ വർദ്ധിപ്പിച്ചുകൊണ്ട് കുറച്ച് ആശ്വാസം നൽകാനാകും. പ്രതിമാസ ജിഎസ്ടി ഇൻപുട്ട് ക്രെഡിറ്റ് ടൈംലൈനുകളും നടപടികളും മെച്ചപ്പെടുത്തുന്നത് ശമ്പളക്കാരായ നികുതിദായകർക്ക് ഗുണം ചെയ്യും. പിഎഫ് വിഹിതം 12% ൽ നിന്ന് 15% ആയി ഉയർത്തുന്നത് ജീവനക്കാരുടെ റിട്ടയർമെന്റ് ഫണ്ടുകൾ സുരക്ഷിതമാക്കുന്നതിനാൽ അത് ഇടത്തരം വരുമാനക്കാർക്ക് ഗുണകരമാകും.
Discussion about this post