അയോധ്യ: രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി 11 ദിവസത്തെ പ്രത്യേക ചടങ്ങുകൾക്ക് ഇന്ന് മുതൽ തുടക്കമിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരവും മംഗളകരവുമായ ഈ അവസരത്തിൽ സാക്ഷിയാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് ഓഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിലേക്ക് എല്ലാ ജനങ്ങളിൽ നിന്നുമുള്ള അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിന് ഇനി 11 ദിവസങ്ങൾ മാത്രം. പ്രതിഷ്ഠാ വേളയിൽ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് ദൈവം എന്നെ സൃഷ്ടിച്ചത്” പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിലെ ചില നിമിഷങ്ങൾ യാഥാർത്ഥ്യമായി മാറുന്നത് ദൈവിക അനുഗ്രഹം കൊണ്ടാണെന്നും. എല്ലായിടത്തും ശ്രീരാമനോടുള്ള ഭക്തിയുടെ അത്ഭുതകരമായ അന്തരീക്ഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ തങ്ങളുടെ ഉന്നത നേതാക്കൾ പങ്കെടുക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയും കോൺഗ്രസും തമ്മിലുള്ള വാക്പോര് ശക്തമാകുന്നു. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി എന്നിവർ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

