കോഴിക്കോട്: വിവേകാനന്ദ ജയന്തി-യുവജന ദിനാഘോഷ പരിപാടിയായ ‘Awake 2024’ ൻ്റെ ഭാഗമായി കൂട്ടയോട്ടം ഇന്ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കും. നാഷണൽ യൂത്ത് ഡേ സെലിബ്രേഷൻ കമ്മിറ്റിയാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ‘റൺ ഫോർ നാഷൻ’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി പ്രശസ്ത വോളിബോൾ താരവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന വിബിൻ എം.ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം വിദ്യാർത്ഥികളും, യുവതീ യുവാക്കളും മാരത്തോണിൽ പങ്കെടുക്കും. ഗാന്ധി പ്രതിമ മുതൽ ഗാന്ധി റോഡ് ജംഗ്ഷൻ വരെയുള്ള കൂട്ടയോട്ടം നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവയുമായി സഹകരിച്ചാണ് നടത്തുക.
നെഹ്റു യുവ കേന്ദ്ര ജില്ലാ കോർഡിനേറ്റർ സനൂപ് സി അദ്ധ്യക്ഷത വഹിക്കും. നിരവധി സാമൂഹിക, സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കാളികളാകും. സ്വാമി വിവേകാനന്ദന്റെ ചിത്രം ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ചായിരിക്കും മാരത്തണിൽ വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കുക. കൂട്ടയോട്ടത്തിന് പങ്കെടുക്കാൻ താത്പര്യമുള്ളവർ കൃത്യ സമയത്ത് തന്നെ ഗാന്ധി പ്രതിമക്ക് സമീപം എത്തിചേരണമെന്ന് സംഘടകർ അറിയിച്ചു.
‘Awake 2024’ പരിപാടിയുടെ തുടർച്ചയായി മൂന്നാഴ്ച കലാലയങ്ങളിലും ,പിന്നീട് ജില്ലാ തലത്തിലും വിവിധ മത്സരങ്ങൾ നടത്താനും ലക്ഷ്യമിടുന്നുണ്ട്. ക്യാഷ് അവാർഡ് അടക്കമുള്ള സമ്മാനങ്ങളും വിജയികൾക്കായി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് പരിപാടിയുടെ സമാപന ചടങ്ങ് പ്രൊഫഷണൽ വിദ്യാർത്ഥികളെ അടക്കം പങ്കെടുപ്പിച്ച് കൊണ്ട് “Awake; Youth for Nation” എന്ന പേരിൽ യുവ സംഗമവും നടക്കും.കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പരിപാടി ഉദ്ഘാടനം ചെയ്യും. കലാ , കായിക ,സാംസ്കാരിക മേഖലകളിലെ പ്രമുഖർ ഈ പരിപാടിയിൽ പങ്കെടുക്കും.
സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി 17 മുതൽ 23 വരെയാണ് മത്സരങ്ങൾ നടക്കുക. വിജയികൾക്കുള്ള സമ്മാനങ്ങൾ സമാപന പരിപാടിയിൽ വച്ച് നൽകും. പങ്കെടുക്കുന്നവർക്ക് നെഹ്റു യുവ കേന്ദ്രയുടെ സർട്ടിഫിക്കറ്റുകളും ലഭിക്കും.

