ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ദുഷ് പ്രചാരണങ്ങള്‍ക്കെതിരേ ശങ്കരാചാര്യന്മാര്‍. ശൃംഗേരി, ദ്വാരക ശങ്കരാചാര്യ മഠാധിപതികളാണ് പ്രാണപ്രതിഷ്ഠ എതിർക്കുന്നു എന്ന വ്യാജം പ്രചാരണങ്ങള്‍ക്കെതിരേ പ്രസ്താവനയിറക്കിയത്. പ്രാണപ്രതിഷ്ഠയ്‌ക്കെതിരാണ് ശൃംഗേരി ശങ്കരാചാര്യ സ്വാമി ഭാരതീ തീര്‍ത്ഥയെന്ന പ്രചാരണം തെറ്റാണെന്നും പ്രതിഷ്ഠ അഞ്ഞൂറു വര്‍ഷത്തെ കാത്തിരിപ്പിന്റെ മുഹൂര്‍ത്തമാണെന്നും പ്രസ്താവനയിൽ പറയുന്നു. ദൈനിക് ജാഗരണ്‍ പത്രത്തിന്റെ വെബ്‌സൈറ്റിലൂടെയാണ് ശൃംഗേരി മഠാധിപതിയുടെ ചിത്രം സഹിതം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നും മഠം കുറ്റപ്പെടുത്തി. ഇവര്‍ക്ക് പുറമേ പുരി ശങ്കരാചാര്യയും ചടങ്ങിനോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്.
ചടങ്ങ് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. പരിപാവനമായ ചടങ്ങുകളോടെ ഭഗവാന്‍ രാമന്‍ ജന്മഭൂമിയിലേക്കു തിരികെയെത്തുകയാണ്. അതിനാൽ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് നിര്‍മിച്ച മനോഹരമായ രാമക്ഷേത്രത്തിന്റെ പുണ്യമായ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമാകാന്‍ എല്ലാവരും തയാറാകണമെന്നും എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും ശൃംഗേരി ശങ്കരാചാര്യ ഭാരതീ തീര്‍ത്ഥ അറിയിച്ചു.
അതേ സമയം നാല് ശങ്കരാചാര്യന്മാരില്‍ മൂന്ന് പേരും പ്രാണപ്രതിഷ്ഠയെ പിന്തുണയ്ക്കുന്നുണ്ടെന്നും, ചടങ്ങില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഇവരില്‍ രണ്ടുപേര്‍ പരിപാടിക്ക് തങ്ങളുടെ പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും, ജ്യോതിര്‍പീഠ ശങ്കരാചാര്യ മാത്രമാണ് എതിർപ്പറിയിച്ചതെന്നും വിശ്വഹിന്ദു പരിഷത് നേതൃത്വം വ്യക്തമാക്കി.
നാല് ശങ്കരാചാര്യന്മാരില്‍ ആരും അയോദ്ധ്യയില പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തേ വീഡിയോ സന്ദേശത്തിലൂടെ ജോഷി മഠ് ജ്യോതിര്‍പീഠ് ശങ്കരാചാര്യ അവിമുക്‌തേശ്വരാനന്ദ് സരസ്വതി പറഞ്ഞിരുന്നു. ഇത് തള്ളുന്നതാണ് ദ്വാരക, ശൃംഗേരി ശങ്കരാചാര്യൻമാരുടെ പ്രസ്താവന.
ജനുവരി 22 ന് രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ കര്‍മ്മം നടക്കാനിരിക്കെ നാലു ശങ്കരാചാര്യന്മാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്ന ആക്ഷേപവുമായി പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടയിലാണ് ശങ്കരാചാര്യൻമാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്.
Discussion about this post