ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് ഇഡി. ഇത് നാലാം തവണയാണ് ഇഡി കെജ്രിവാളിന് സമൻസ് അയയ്ക്കുന്നത്. ജനുവരി 18ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാമെന്നാണ് നിർദേശം. ഇതിന് മുൻപ് നവംബർ 2, ഡിസംബർ 21, ജനുവരി 3 തീയതികളിൽ ഇഡി കെജ്രിവാളിന് സമൻസ് അയച്ചിരുന്നു. എന്നാൽ ഇതുവരെ അദ്ദേഹം ഇഡി മുന്നിൽ ഹാജരായിട്ടില്ല.
അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് 2023 ജൂലൈയില്‍ ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ച മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി നീക്കം. എന്നാൽ, ഇഡി നീക്കം ‘നിയമവിരുദ്ധവും’ ‘രാഷ്ട്രീയ പ്രേരിതവും’ ആണെന്നാണ് അരവിന്ദ് കെജ്രിവാൾളിന്റെ വാദം. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. സമൻസ് നിയമവിരുദ്ധമാണെന്നും തന്നെ അറസ്റ്റ് ചെയ്യുക മാത്രമാണ് ലക്ഷ്യമെന്നും കെജ്രിവാൾ ആരോപിക്കുന്നു. നിലവിൽ ആം ആദ്മി പാർട്ടി മേധാവി സമൻസിനോട് പ്രതികരിച്ചിട്ടില്ല. ഇത്തവണയും അദ്ദേഹം ഹാജരായേക്കില്ലെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് എഎപി മേധാവിയെ ഏപ്രിലില്‍ സിബിഐ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഏജന്‍സി പ്രതിയാക്കിയിരുന്നില്ല. മുതിർന്ന എഎപി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും മറ്റൊരു നേതാവുമായ സഞ്ജയ് സിംഗ് എന്നിവരും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 4 ന് എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങും പിടിയിലായി. തന്നെ അറസ്റ്റ് ചെയ്താൽ പാർട്ടിയും ഡൽഹി സർക്കാരും ജയിലിൽ നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു.
Discussion about this post