പന്തള: മകരവിളക്ക് ദിവസം ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. പുത്തൻമേട കൊട്ടാരത്തിന് മുമ്പിൽ നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ഘോഷയാത്ര വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 15 ന് ശരംകുത്തിയിലെത്തും. പന്തളം രാജ കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല. പരമ്പരാഗത പാതയിലൂടെയാണ് ഘോഷയാത്ര സന്നിധാനത്തെത്തുക.
ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലാണ് വിശ്രമം. രണ്ടാംദിവസം ളാഹ വനം വകുപ്പ് സത്രത്തിലും. മൂന്നാംദിവസം വൈകിട്ട് ശബരിമലയിൽ എത്തിച്ചേരും. തുടർന്ന് തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡൻറ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. പിന്നാലെ തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
അതേസമയം മകരവിളക്ക് ദര്‍ശനത്തിനുള്ള ശബരിമലയിലെയും മറ്റിടങ്ങളിലെയും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ദര്‍ശന സൗകര്യമുണ്ട്. നേരത്തെ മകരമാസ പൂജാ സമയത്തെ ശബരിമല ദര്‍ശനത്തിനായുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരി 16 മുതല്‍ 20 വരെയുള്ള ദിവസങ്ങളിലേക്കാണ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത്. ജനുവരി 16ന് 50,000 പേര്‍ക്കും 17 മുതല്‍ 20 വരെ പ്രതിദിനം 60,000 പേര്‍ക്കും ദര്‍ശനത്തിനായി ബുക്ക് ചെയ്യാം. ഈ ദിവസങ്ങളില്‍ പമ്പ, നിലക്കല്‍, വണ്ടിപ്പെരിയാര്‍ എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ മാത്രം സ്‌പോട്ട് ബുക്കിംഗ് ഉണ്ടാവുക.
സത്രം പുല്ലുമേട് പാതക്ക് പുറമെ വള്ളക്കടവില്‍ നിന്ന് പുല്ലുമേട് വഴിയും മകര വിളക്ക് ദിവസം ഭക്തരെ കടത്തിവിടും. വള്ളക്കടവ് ചെക്ക്‌പോസ്‌റ് വഴിയും ശബരിമലയില്‍ നിന്ന് പുല്ലുമേട്ടിലേക്കും ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ. പുല്ലുമേട് വരെ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ്, മെഡിക്കല്‍ ടീമിന്റെ സേവനം, ഓരോ കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരുക്കങ്ങള്‍ ജില്ലാ കളക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ അവലോകനം ചെയ്തു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതല്‍ സന്നിധാനം വരെ കൂടുതല്‍ പോലീസ് സേനാംഗങ്ങളെ വിന്യസിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.
Discussion about this post