ന്യൂഡൽഹി: വിവാദത്തിലായ എക്സാലോജിക് കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. മൂന്നംഗ സംഘത്തെയാണ് അന്വേഷണത്തിന് കേന്ദ്രം ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിറക്കി.
നാല് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് നൽകണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോർഡിന്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. മാസപ്പടി വിവാദത്തിൽ എൻഫോഴ്സസ്മെൻ്റെ ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നുണ്ട്.
കരിമണൽ കമ്പനിയായ സിഎംആർഎൽ എന്ന സ്വകാര്യ കമ്പനിയിൽനിന്ന് വീണയ്ക്ക് 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം. സി.എം.ആർ.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണമുണ്ട്.
ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തലിന് പിന്നാലെയാണ് കോർപ്പറേറ്റ് അഫേയഴ്സ് മന്ത്രാലയത്തിന്റെ നേരിട്ടുള്ള അന്വേഷണം. ഈ അന്വേഷത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ, സിരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ഏറ്റെടുക്കും.
രജിസ്ട്രാർ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. ആരോപണങ്ങൾക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സി.എം.ആർ.എൽ എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന് നൽകിയത്. മറുപടി നൽകാൻ പോലും വ്യവസായ വികസന കോർപറേഷൻ തയാറായില്ല.മൂന്നു സ്ഥാപനങ്ങളുടെയും മുഴുവൻ ഇടപാടുകളും വിശദമായി അന്വേഷിക്കാൻ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
കർണാടക ഡെപ്യൂട്ടി റജിസ്ട്രാർ ഓഫ് കമ്പനീസ് വരുൺ ബിഎസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടർ കെ.എം. ശങ്കര നാരായണൻ, പോണ്ടിച്ചേരി ആർ.ഒ.സി, എ. ഗോകുൽനാഥ് എന്നിവർക്കാണ് അന്വേഷണ ചുമതല. കേന്ദ്ര കമ്പനി കാര്യ മന്ത്രാലത്തിന്റെ ജോയിന്റ് ഡയറക്ടറാണ് ഉത്തരവിറക്കിയത്.
എക്സാലോജിക്കും സിഎംആർഎല്ലുമായുള്ള ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രജിസ്ട്രാർ ഓഫ് കമ്പനീസിന് പരാതി ലഭിച്ചിരുന്നു. കമ്പനീസ് ആക്ട് 2013 ലെ 210.1.സി സെക്ഷൻ പ്രകാരമാണ് അന്വേഷണം നടത്തുന്നത്.
മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ പേരിൽ എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ചെയ്യാത്ത സേവനത്തിനാണ് എക്‌സാലോജിക്ക് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ.
Discussion about this post