ചെന്നൈ: ഏഴ് വർഷം മുമ്പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 2016-ൽ ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പോയ എയർഫോഴ്സിന്റെ An-32 വിമാനത്തിന്റെ ഭാഗങ്ങളാണ് സമുദ്രത്തിൽ നിന്നും കണ്ടെത്തിയത്. നിലവിൽ ചെന്നെെ തീരത്ത് നിന്നും 310 കിലോമീറ്റർ അകലെയാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സൂഷ്മപരിശോധനക്ക് വിധേയമാക്കിയെന്നും അത് An-32 വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിക്കുകയും ചെയ്തുവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
2016 ജൂലെെ 22ന് രാവിലെ 8.30 നാണ് വിമാനം ചെന്നൈ താംബരം എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും പറന്നുയർന്നത്. പിന്നാലെ ബംഗാൾ ഉൾക്കടലിന് മുകളിൽ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയുമായിരുന്നു. തുടർന്ന് വ്യോമസേന വിമാനത്തിനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആറ് ക്രൂ അംഗങ്ങളടക്കം 29 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി, അടുത്തിടെ An-32 വിമാനം കണാതായ അവസാന സ്ഥലത്ത് ആഴക്കടൽ പര്യവേക്ഷണ ശേഷിയുള്ള AUV വിന്യസിച്ചിരുന്നു. മൾട്ടി-ബീം സോണാർ (സൗണ്ട് നാവിഗേഷൻ ആൻഡ് റേഞ്ചിംഗ്), സിന്തറ്റിക് അപ്പേർച്ചർ സോണാർ, ഉയർന്ന റെസല്യൂഷൻ ഫോട്ടോഗ്രാഫി എന്നിവയുൾപ്പെടെ ഒന്നിലധികം പേലോഡുകൾ ഉപയോഗിച്ച് 3,400 മീറ്റർ ആഴത്തിലാണ് ഈ തിരച്ചിൽ നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Discussion about this post