തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും കടന്നപ്പള്ളി വ്യക്തമാക്കി. നിലവിൽ നവകേരള ബസിന്‍റെ വി.വി.ഐ.പി ആഡംബരങ്ങളെല്ലാം ഒഴിവാക്കി സാധാരണ ടൂറിസ്റ്റ് ബസായി മാറ്റാനാണ് തീരുമാനം. ടോയ്ലറ്റ് നിലനിർത്തുമെങ്കിലും ചെറിയ മാറ്റങ്ങൾ വരുത്തും. മുഖ്യമന്ത്രി ഇരുന്ന വി.ഐ.പി കസേരയും ലിഫ്റ്റും വശങ്ങളിലെ കല്ലേറില്‍ തകരാത്ത ഗ്ലാസും നീക്കം ചെയ്യും.
നവകേരള സദസ്സിന്റെ എറണാകുളം പര്യടനം അവസാനിച്ചശേഷം ബംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബില്‍ഡേഴ്‌സിലേക്ക് കൊണ്ടുപോയ ബസ്, പൊളിച്ചുപണി പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ തിരികെയെത്തുമെന്നാണ് പ്രതീക്ഷ. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനു ശേഷം കെഎസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം പദ്ധതിക്കായി ബസ് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.
അതേ സമയം മാറ്റം വരുത്തി വരുന്ന നവകേരള ബസിന്‍റെ വാടക നിരക്ക് നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് കെ.എസ്.ആർ.ടി.സി നിർദേശം നൽകി. കെ.എസ്.ആർ.ടി.സിയുടെ വിനോദസഞ്ചാര പദ്ധതിക്കായി വിട്ടുകിട്ടുന്ന ബസ് ദിവസ വാടക അടിസ്ഥാനത്തിലായിരിക്കും നൽകുക. സാധനങ്ങള്‍ വെക്കാന്‍ പിന്നില്‍ ഇടമുണ്ടാക്കുന്നതിനായി സീറ്റുകള്‍ പുനഃക്രമീകരിക്കും. കുടുംബാവശ്യങ്ങള്‍ക്കും ബസ് വാടകക്ക് നല്‍കും. ഇതിനായി ഫ്രിഡ്ജും മൈക്രോവേവ് ഓവനും ഘടിപ്പിക്കും.
Discussion about this post