ന്യൂഡൽഹി: ‘ഇന്ത്യ’ സഖ്യത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നയിക്കും. ഇന്ന് പ്രധാന പാർട്ടി നേതാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹം അത് നിരസിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ചെയർമാൻ സ്ഥാനത്തിനായി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇന്നത്തെ യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കുത്തിരുന്നില്ല ഇതിൽ അതൃപ്തി രേഖപ്പെടുത്തിയ നിതീഷ് കുമാർ മുന്നണിയെ കോണ്ഗ്രസ് നയിക്കണമെന്ന് അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. നിതീഷ് മുന്നണിയുടെ കൺവീനറാകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, യോഗത്തിൽ നിതീഷ് പദവി സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. തനിക്ക് സ്ഥാനമാനങ്ങൾ വേണ്ടെന്നും, സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതയെ കൂടാതെ യോഗത്തിൽ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുത്തില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായിരിക്കെയാണ് നേതാക്കൾ ശനിയാഴ്ച നിർണായകയോഗം ചേർന്നത്. സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ ഇന്ന് യോഗം ചേർന്നത്. 10 പാർട്ടികളുടെ നേതാക്കൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ശരദ് പവാർ, ഡി രാജ, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്ദുള്ള, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ഡി രാജ, ശരദ് പവാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗവുമായി ബന്ധപ്പെട്ട് മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
അതേ സമയം ബിജെപി എംപി ദിലീപ് ഘോഷ് പ്രതിപക്ഷ സഖ്യ യോഗത്തിൽ പരിഹസിച്ച് രംഗത്തെത്തി. പ്രതിപക്ഷ സഖ്യം ഒരു ജോലിയും ചെയ്യുന്നില്ലെന്നും യോഗങ്ങൾ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഉടൻ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post