കൊച്ചി: കെ ഫോണ്‍ കരാറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. 2019 ലെടുത്ത തീരുമാനത്തെ 2024 ൽ ചോദ്യം ചെയ്യുന്നതെന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. ഹർജിയിൽ പൊതുതാത്പര്യം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതി വിശദമാക്കി. ഹർജി പബ്ലിക് ഇൻട്രസ്റ്റ് ആണോ പബ്ലിസിറ്റി ഇൻട്രസ്റ്റ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സർക്കാരിനോട് സ്റ്റേറ്റ്മെന്റ് ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് ഇല്ല.
അതേ സമയം ടെൻഡറിൽ അപാകതകൾ ഉണ്ടെന്നും അന്വേഷണം വേണമെന്നും വിഡി സതീശൻറെ അഭിഭാഷകര്‍ പറഞ്ഞു. ഇതോടെ സി എ ജി റിപ്പോർട് വരട്ടെയെന്ന് ഹർജിയിൽ ഉണ്ടല്ലോയെന്നും അതിനുശേഷം പരിഗണിച്ചാൽ പോരെ എന്നും കോടതി ചോദിച്ചു. മൂന്നാഴ്ച കഴിഞ്ഞ് ഹര്‍ജി
വീണ്ടും പരിഗണിക്കും. ഹർജിക്കാരന് വേണമെങ്കിൽ ലോകായുക്തയെ സമീപിക്കാമല്ലോയെന്നും സർക്കാർ സൂചിപ്പിച്ചു. ഹർജിയിൽ ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നും വിമർശിച്ചതിനെതിരെ പ്രതിപക്ഷ നേതാവിന് ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടി വന്നു. കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഹർജിയിലെ പരാമർശം തികച്ചും അനുചിതമായെന്നാണ് കോടതി നിരീക്ഷിച്ചു.
Discussion about this post