ആലപ്പുഴ: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആലപ്പുഴ കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് സംഘർഷം. പൊലീസിനു നേരെ പ്രവർത്തകർ കല്ലും വടിയും എറിഞ്ഞതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അരിതാ ബാബുവിനുൾപ്പെടെ പരുക്കേറ്റു എന്ന് പ്രവർത്തകർ ആരോപിക്കുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പ്രവർത്തകർ പൊലീസിനു നേർക്ക് കല്ലും വടിയും എറിയുകയും പ്രവർത്തകർ ബാരിക്കേഡ് തകർക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് ലാത്തി വീശിയയത്. ഇതിനിടെ മതിൽ ചാടിയ നാല് വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഇല്ലായിരുന്നു എന്നും വനിതാ പ്രവർത്തകരെയടക്കം ലാത്തി കൊണ്ട് മർദ്ദിച്ചത് പുരുഷ പൊലീസായിരുന്നു എന്നും പ്രവർത്തകർ ആരോപിച്ചു.
സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ കസ്റ്റഡിയില്‍ എടുത്തതത്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ റിമാൻഡിലാണ്.
Discussion about this post