ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ബി.എസ്.പി ആരുമായും സഖ്യത്തിനില്ലെന്ന് മായാവതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.പിയിൽ ഏതെങ്കിലും പാർട്ടിയുമായി സഖ്യമുണ്ടാക്കിയാൽ അത് ബി.എസ്.പിക്ക് ലാഭത്തേക്കാളുപരി നഷ്ടമാണുണ്ടാക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. പിറന്നാൾ ദിനത്തിൽ ലക്നൗവിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മായാവതി സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ചത്.
വോട്ട് വിഭജിച്ചുപോകും എന്നത് തന്നെയാണ് കാരണം. ഞങ്ങളുടെ വോട്ട് കൃത്യമായി സഖ്യത്തിലുള്ള പാർട്ടിക്ക് ലഭിക്കും. എന്നാൽ തിരിച്ച് ഞങ്ങൾക്ക് വോട്ട് ലഭിക്കുകയുമില്ല. അതിനാൽ പാർട്ടി സ്വന്തം നിലക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മായാവതി വ്യക്തമാക്കി. ജാതിവിവേചനവും വർഗീയതയും നയമാക്കിയ പാർട്ടികളിൽ നിന്നും ബിഎസ്പി എപ്പോഴും ദൂരം പാലിക്കുമെന്നും മായാവതി പറഞ്ഞു. അനന്തരവൻ ആകാശ് ആനന്ദിനെ മായാവതി തന്റെ പിന്തുടർച്ചക്കാരനായി പ്രഖ്യാപിച്ചിരുന്നു. അതിനു പുറകേയാണ് പാർട്ടി ചുമതലകൾ ആകാശിനെ ഏൽപ്പിച്ച് മായാവതി വിശ്രമജീവിതത്തിലേക്ക് തിരിയുകയാണെന്ന അഭ്യൂഹങ്ങൾ പരന്നത്. എന്നാൽ അതു തെറ്റായ പ്രചരണമായിരുന്നുവെന്നും രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും മായവതി അറിയിച്ചു.
Discussion about this post