അയോധ്യ: ആയിരം ഏക്കറിലായി അയോധ്യയില്‍ ഇന്ത്യയിലെ ആദ്യ വാസ്തു അധിഷ്ഠിത ടൗണ്‍ഷിപ് നിര്‍മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സമകാലികവും പരമ്പരാഗതവുമായ വാസ്തുവിദ്യാ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ന്യൂ അയോധ്യ’ എന്ന് പേരിട്ടിരിക്കുന്ന ടൗണ്‍ഷിപ് ഒരുങ്ങുന്നത്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഇതിനോടകം കണ്ടെത്തിയതായി സംസ്ഥാന ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിതിന്‍ ഗോകര്‍ണ് അറിയിച്ചു.
ഈ പദ്ധതിക്കാവശ്യമായ ഭൂമി സംസ്ഥാന സർക്കാർ നേരത്തെ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കാനിരിക്കെ, വാണിജ്യ ആവശ്യങ്ങൾക്കും പാർപ്പിട ആവശ്യങ്ങൾക്കുമായി മേഖലയിൽ ഭൂമി ഏറ്റെടുക്കാൻ ഡെവലപ്പർമാർ താൽപര്യം കാണിക്കുന്നുണ്ട്. ഇവിടെ ഒരു ഹോട്ടലിനായുള്ള സ്ഥലം സ്‌ക്വയർ മീറ്ററിന് 88,000 രൂപയ്ക്കാണ് സര്‍ക്കാര്‍ ലേലത്തില്‍ വെച്ചത്. എന്നാല്‍ സ്‌ക്വയർ മീറ്ററിന് 108,000 രൂപയ്ക്കാണ് ഈ സ്ഥലം വിൽപന നടന്നത്. സംസ്ഥാന ഗസ്റ്റ് ഹൗസിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചതായും ഇതിനെ തുടർന്ന് വാണിജ്യ വികസന പ്ലോട്ടുകൾ ലേലം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം രാജ്യത്തെ ആദ്യ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ ക്ഷേത്രനഗരമായ അയോധ്യയിൽ നിർമ്മിക്കും. സസ്യാഹാരം മാത്രം വിളമ്പുന്ന വെജ്-ഓൺലി ഹോട്ടലാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഈ പ്രൊജക്റ്റ് എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വൻ വികസന പ്രവർത്തനങ്ങളാണ് അയോധ്യയിൽ നടക്കുന്നത്. ആഡംബര ഹോട്ടലുകളും ഭവന പദ്ധതികളും ഉൾപ്പെടെ കോടികളുടെ നിക്ഷേപ പദ്ധതികൾ അയോധ്യയിൽ എത്തിക്കഴിഞ്ഞു. ജനുവരി 22നാണ് രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനം അയോധ്യയിൽ ആരംഭിച്ച പഞ്ചനക്ഷത്ര ഹോട്ടലിൻ്റെയും, മറ്റൊരു ഭവന പദ്ധതിയുടെയും ഉദ്ഘാടനം അന്നേ ദിവസം നടക്കും. നഗരത്തിൽ ചെറുതും വലുതുമായ ഹോട്ടലുകൾ ഒരുക്കുന്നതിനായി 110 ഓളം ഹോട്ടൽ ഉടമകൾ അയോധ്യയിൽ ഭൂമി വാങ്ങുന്നുണ്ട്.
Discussion about this post