ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കി ഖാലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു. ജനുവരി 26 ന് മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ ഗുണ്ടാസംഘങ്ങളോട് പന്നൂൻ ഭീഷണി സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. ഗുണ്ടകള്‍ക്കെതിരെ സംസ്ഥാന പോലീസ് സേന സീറോ ടോളറന്‍സ് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കുകയാണെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ഒരാഴ്ച മുമ്പ് ഭാരത സർക്കാരിനെ ഭീഷണിപ്പെടുത്തി പന്നു രംഗത്തെത്തിയത്. അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടുള്ള എതിർപ്പ് ഖാലിസ്ഥാൻ ഭീകരൻ അറിയിച്ചു. ചടങ്ങിനെ എതിർത്ത് മുസ്ലീം സമൂഹം മുന്നോട്ടുവരണമെന്നും അവിടെ ബാബറി മസ്ജിദ് പണിതുയർത്തണമെന്നുമായിരുന്നു പന്നു ആവശ്യപ്പെട്ടത്.
ഇന്ത്യയ്ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ക്കുമെതിരെ ഇതാദ്യമായല്ല പന്നു ഭീഷണി മുഴക്കുന്നത്. ഡിസംബര്‍ 13നോ അതിനുമുമ്പോ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. നവംബര്‍ 19 ന് എയര്‍ ഇന്ത്യ വഴി യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്ന ആളുകളുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഭീഷണിപ്പെടുത്തിയതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എയര്‍ ഇന്ത്യക്കെതിരായ ഭീഷണി വീഡിയോയില്‍ ഇയാള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസെടുത്തിട്ടുണ്ട്.

