ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമ്പത് വര്‍ഷത്തിനിടെ 24.82 കോടിപേര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയതായി നീതി ആയോഗ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ ദാരിദ്ര്യമുക്തി. 2013-14-ൽ 29.17ശതമാനമായിരുന്ന ദാരിദ്ര്യ അനുപാതം 2022-23-ൽ 11.28 ആയി ഇടിഞ്ഞു. ഇതുപ്രകാരം 2030ന് മുമ്പ് ബഹുമുഖ ദാരിദ്ര്യം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും നീതി ആയോഗ് റിപ്പോർട്ടിൽ പറയുന്നു. ബാങ്ക് അക്കൗണ്ട്, മാതൃമരണ നിരക്ക്, പോഷകാഹാരം, സ്‌കൂള്‍ ഹാജര്‍നില, പാചകവാതകം, കുടിവെള്ളം, വൈദ്യുതി തുടങ്ങി 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു കണ്ടെത്തല്‍.
നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ബഹുതലദാരിദ്ര്യം 2013-14-ലെ 29.17 ശതമാനത്തില്‍ നിന്ന് 2022-23-ല്‍ 11.28 ശതമാനമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുക്തി രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യനിരക്ക് 42.59 ശതമാനത്തില്‍ നിന്നും 17.40 ശതമാനമായാണ് കുറഞ്ഞത്. 5.94 കോടിപേരാണ് ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യമുക്തി നേടിയത്. 17.89 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്. 3.77 കോടി ദാരിദ്ര്യമുക്തരുമായി ബിഹാറാണ് രണ്ടാം സ്ഥാനത്ത്. കണക്കുപ്രകാരം മൂന്നാമതെത്തിയ മധ്യപ്രദേശില്‍ 2.30 കോടിപേരാണ് ദാരിദ്ര്യമുക്തി നേടിയത്.
കേരളത്തിൽ 2.72 ലക്ഷം പേരാണ് ദാരിദ്ര്യമുക്തി നേടിയത്. 2005-06 മുതൽ 2015-16 കാലയളവിനെക്കാൾ 2015-16 മുതൽ 2019-21 വരെ ദാരിദ്ര്യത്തിന്റെ അനുപാതത്തിൽ ഇടിവ് വേഗത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോഷൻ അഭിയാൻ, അനീമിയ മുക്ത് ഭാരത്, പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ഉജ്ജ്വല യോജന പാചക ഇന്ധന വിതരണം, സൗഭാഗ്യ വൈദ്യുതി കവറേജ്, സ്വച്ഛ് ഭാരത് മിഷൻ, ജൽ ജീവൻ മിഷൻ തുടങ്ങിയ പദ്ധതികൾ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും മൊത്തത്തിലുള്ള ക്ഷേമവും ഉയർത്തിയെന്നാണ് കണ്ടെത്തൽ. നിതി ആയോഗ് സി.ഇ.ഒ ബി.വി. ആർ. സുബ്രഹ്മണ്യത്തിന്റെ സാന്നിധ്യത്തിൽ നീതി ആയോഗ് അംഗം പ്രൊഫ. രമേഷ് ചന്ദ് ഡിസ്‌കഷൻ പേപ്പർ പ്രകാശനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്രമോദി സർക്കാരിന് ഈ റിപ്പോർട്ട് നേട്ടമാകുമെന്നാണ് കരുതുന്നത്.
Discussion about this post