മണിപ്പൂർ: മോറെയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിവെപ്പ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബെറ്റാലിയന്‍ ഉദ്യോഗസ്ഥനായ ഡബ്ല്യു സോമോര്‍ജിത് ആണ് ഗുരുതര പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്. പുലര്‍ച്ചെ 4 മണിക്കായിരുന്നു സംഭവം.
ക്യാമ്പുകളിൽ ഉറങ്ങുകയായിരുന്ന സുരക്ഷാ സേനയ്ക്ക് സമീപം അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. ചിക്കിം വില്ലേജിലെ കുന്നിന്‍ മുകളില്‍ നിന്ന് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും തോക്കുകളും അടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. സൈനിക ക്യാമ്പുകൾക്ക് നേരെ ബോംബറിഞ്ഞതായും തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. തീവ്രവാദികള്‍ താല്‍ക്കാലിക കമാന്‍ഡോ പോസ്റ്റിലേക്ക് ഗ്രനേഡുകള്‍ എറിഞ്ഞതിന് പിന്നാലെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
മോറെയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനെ പിന്നാലെയാണ് സുരക്ഷാസേനയ്ക്ക് നേരെയുള്ള ആക്രമണം. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്നലെ മുതൽ തന്നെ മേഖലയിൽ കർഫ്യൂം ഏർപ്പെടുത്തിയിരുന്നു.

