അയോധ്യ : പ്രാണ പ്രതിഷ്ഠക്കായി ശ്രീകോവിലിലേക്ക് ശ്രീരാമ വിഗ്രഹം കൊണ്ടുവന്നു. ഇന്ന് പുലർച്ചെ പ്രത്യേക പൂജകൾക്ക് ശേഷമാണ് ക്രെയിനിന്റെ സഹായത്തോടെ വിഗ്രഹം ശ്രീകോവിലിനുള്ളിൽ എത്തിച്ചത്. ഇന്ന് തന്നെ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് ശ്രീരാമമന്ദിരം നിർമ്മാണ കമ്മിറ്റി ചെയർപേഴ്‌സൺ നൃപേന്ദ്ര മിശ്ര വാർത്താ ഏജൻസിയോട് പറഞ്ഞു. ട്രക്കിലാണ് വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ ‘കലശ പൂജ’ നടന്നു. 121 ആചാര്യന്മാരാണ് ചടങ്ങുകൾ നടത്തുന്നത്. ചടങ്ങുകൾ ജനുവരി 21 വരെ തുടരും. ശേഷം 22ന് ഉച്ചയ്ക്ക് 12:20ന് പ്രതിഷ്ഠാ ചടങ്ങ് ആരംഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാക്കുന്ന ഉദ്ഘാടന ചടങ്ങിൽ, രാജ്യത്തുടനീളമുള്ള രാഷ്ട്രീയക്കാരും സന്യാസിമാരും സെലിബ്രിറ്റികളുമടക്കം 7,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
രാമക്ഷേത്ര ഉദ്ഘാടന ദിവസം കോടതികൾക്ക് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ കത്തയച്ചു. അയോധ്യയിലെ ഉദ്ഘാടന ചടങ്ങുകളിലും രാജ്യത്തുടനീളമുള്ള മറ്റ് അനുബന്ധ പരിപാടികളിലും പങ്കെടുക്കൻ നിയമ സാഹോദര്യത്തിലെ അംഗങ്ങൾക്കും കോടതി ജീവനക്കാർക്കും അന്നേ ദിവസം അവധി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ അടിയന്തിര വാദം കേൾക്കണമെന്നും അടുത്ത പ്രവൃത്തി ദിവസത്തേക്ക് വിഷയം പുനഃക്രമീകരിക്കണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
അതേസമയം രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന ലഖ്‌നൗ, ഗോരഖ്പൂർ, പ്രയാഗ്‌രാജ്, വാരണാസി, ആഗ്ര, മഥുര എന്നിവിടങ്ങളിൽ നിന്ന് അയോധ്യയിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്താൻ ഉത്തര്‌പ്രദേശ് സർക്കാർ തീരുമാനിച്ചു. വെള്ളിയാഴ്ച (ജനുവരി 19) ലഖ്‌നൗവിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും. ഹെലികോപ്റ്റർ സർവീസുകളുടെ നിരക്കും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. അയോധ്യയിൽ പ്രാൻ പ്രതിഷ്ഠാ പരിപാടിക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് .
Discussion about this post