ഇസ്ലാമാബാദ് : ഇറാനുള്ളിൽ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം നടന്നത്. ജയ്ഷെ അൽ അദ്‌ൽ എന്ന ഭീകരസംഘടനയുടെതാവളങ്ങൾ തകർത്തുവെന്നായിരുന്നു ഇറാന്റെ അവകാശവാദം. പാകിസ്താന്റെ ബലൂച് മേഖലയിൽ അപ്രതീക്ഷിതമായി ഇറാൻ മിസൈൽ ആക്രമണം നടത്തിയതോടെയാണ് പാകിസ്ഥാൻ- ഇറാൻ ബന്ധം വഷളായത്.
ഇറാനിൽ ഏഴിടത്ത് പാക് സൈന്യം മിസൈൽ ആക്രമണം നടത്തിയത്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ലിബറേഷൻ ആർമി എന്നീ വിഘടനവാദി ഗ്രൂപ്പുകളുടെ താവളം തകർത്തു എന്നാണു പാക് അവകാശവാദം. എന്നാൽ, ആക്രമണത്തിൽ സ്ത്രീകൾ അടക്കം നിരപരാധികളായ ഏഴ് പേർ കൊല്ലപ്പെട്ടതായി ഇറാൻ പറയുന്നു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളുണ്ടെന്നും ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീകരരുടെ ഒളിത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശീകരണം. ഇറാനിലെ സീസ്താൻ-ബലൂച് പ്രവിശ്യയിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്.
ദേശ താല്പര്യം സംരക്ഷിക്കാനായി ഏതറ്റംവരെയും പോകുമെന്ന് ഇറാൻ പ്രതിരോധ മന്ത്രിമുഹമ്മദ് റേസ വ്യക്തമാക്കിയതോടെ സംഘർഷം പടരുമോയെന്ന ആശങ്ക ശക്തമാണ്. ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുളളതെന്നും. സ്വയം പ്രതിരോധത്തിനായി രാജ്യങ്ങൾസ്വീകരിക്കുന്ന നടപടികൾ ഞങ്ങൾ മനസ്സിലാക്കുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
Discussion about this post