ന്യൂഡൽഹി: കാർഗോ കപ്പലിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ സഹായഹസ്തവുമായി ഇന്ത്യ. മാർഷൽ ദ്വീപിന്റെ പതാകയുള്ള എംവി ജെൻകോ പികാർഡി എന്ന കാർഗോ കപ്പലാണ് ഡ്രോൺ ആക്രമണത്തിന് ഇരയായത്. സംഭവത്തിന് മറുപടിയായി, ഇന്ത്യൻ നാവികസേന തങ്ങളുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം മേഖലയിൽ വിന്യസിക്കുകയും കപ്പൽ റൂട്ടിൽ ഹൂതികളുടെ വ്യാപകമായ ആക്രമണങ്ങൾക്കിടയിൽ അകപ്പെട്ട കപ്പലിനെ രക്ഷിക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി 11.11ഓടെയായിരുന്നു സംഭവം. കപ്പലിൽ 22 ജീവനക്കാരാണുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേരും ഇന്ത്യക്കാരാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും ഡ്രോൺ പതിച്ചതിനെ തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമായിരുന്നുവെന്നുമാണ് റിപ്പോർട്ട്. സ്‌ഫോടകവസ്തു നിർമാർജന വിദഗ്‌ദ്ധർ കപ്പലിന്റെ പൂർണ്ണമായ പരിശോധന നടത്തി അടുത്ത തുറമുഖത്തേക്ക് ചരക്കുകപ്പൽ നീങ്ങുകയാണ്.
ഇക്കാര്യം ഇന്ത്യൻ നാവിക സേന എക്‌സിലൂടെയാണ് അറിയിച്ചത്. ആക്രമിക്കപ്പെട്ട ജെൻകോ പികാർഡിയുടെ ചിത്രങ്ങളും നാവികസേന പങ്കുവച്ചിട്ടുണ്ട്. ചെങ്കടലിൽ വിവിധ കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പുതിയ ആക്രമണമെന്നത് ശ്രദ്ധേയമാണ്.
Discussion about this post