കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ 22-ന് തിങ്കളാഴ്ച ഹാജരാകാനാണ് നിര്‍ദേശം. നേരത്തെ ഈ മാസം 12-ന് ഹാജരാകാന്‍ ഇഡി ഐസക്കിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 21-വരെ തനിയ്ക്ക് ചില തിരക്കുകളുള്ളതിനാല്‍ വരാന്‍ സാധിക്കില്ലെന്ന് ഐസക്ക് മറുപടി നല്‍കി. ഇതോടെയാണ് 22-ന് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.
കേസിന്റെ ആദ്യഘട്ടത്തില്‍ തോമസ് ഐസക്കിനും കിഫ്ബിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. കേസിൽ തോമസ് ഐസകിനെ ചോദ്യം ചെയ്യുന്നതിനെ ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. തന്റെ വ്യക്തിഗത വിവരങ്ങൾ ചോദിക്കുന്നുവെന്ന് കാണിച്ച് ഇഡിക്കെതിരെ തോമസ് ഐസക് സമർപ്പിച്ച ഹർജിയായിരുന്നു ഹൈക്കോടതി തടഞ്ഞത്. അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് അടുത്തിടെ കോടതി അറിയിച്ചതോടെയാണ് മുൻ ധനമന്ത്രിക്ക് കുരുക്ക് മുറുകിയത്. ഈ മാസം 12-ന് ഹാജരാകാൻ ലഭിച്ച സമൻസിൽ തോമസ് ഐസക് ഹാജരായിരുന്നില്ല.

