തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ ആരവങ്ങൾക്ക് ആവേശം പകരാൻ മെസിയും സംഘവും കേരളത്തിലെത്തും. അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീം അടുത്ത വർഷം ഒക്ടോബറില്‍ കേരളത്തിൽ എത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു. ടീം ഇവിടെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
അതേസമയം, ഈ വർഷം ജൂണിൽ എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കേരളത്തിൽ മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചതിനെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഇന്ത്യൻ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റിനയുമായി സഹകരിക്കാവുന്ന മേഖലകളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ മീറ്റിംഗിൽ ചർച്ചയായി. കേരള സര്‍ക്കാര്‍ നടത്തുന്ന ഗോള്‍ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രകടിപ്പിച്ചതായും മന്ത്രി അറിയിച്ചു.
അർജന്റീന ടീം എത്തുന്നത് കേരളത്തിന് വലിയ നേട്ടമാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പ്രതികരിച്ചു. നിലവിൽ അമേരിക്കയിലെ ഇന്റർ മയാമി ക്ലബിൽ കളിക്കുന്ന മെസി ഈമാസം അവസാനം സൗദി അറേബ്യയിൽ അറേബ്യൻ കപ്പിൽ ഇറങ്ങുന്നുണ്ട്.
Discussion about this post