ന്യൂഡൽഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായി മഹുവ മൊയ്ത്ര. സർക്കാർ വസതിയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹുവ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി. ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റായിരുന്നു ബംഗ്ലാവൊഴിയണമെന്ന് ഉത്തരവിട്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മഹുവയ്ക്ക് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്ന നോട്ടീസ് ലഭിച്ചിരുന്നു. എസ്റ്റേറ്റ്സ് ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ച നോട്ടീസിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ മഹുവ സമീപിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായതോടെ ബംഗ്ലാവ് ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു. പാർലമെന്‍റ് പുറത്താക്കിയതിന് സ്റ്റേ ഇല്ലാത്തതിനാല്‍ വസതി നിലനിർത്താൻ ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. എംപിമാരെ സര്‍ക്കാര്‍ വസതികളില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച് പ്രത്യേക നിയമങ്ങളൊന്നും കോടതിക്ക് മുമ്പാകെ കൊണ്ടുവന്നിട്ടില്ലെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ പറഞ്ഞു.
2023 ഡിസംബര്‍ 8 ന് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുകയും പാര്‍ലമെന്റ് വെബ്സൈറ്റിന്റെ യൂസര്‍ ഐഡിയും പാസ്വേഡും പങ്കുവെക്കുകയും ചെയ്തതിനാണ് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്. ഉപഹാരങ്ങള്‍ക്കായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചെന്നായിരുന്നു ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എത്തിക്‌സ് കമ്മറ്റി അന്വേഷണം നടത്തിയിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരുന്നു എംപിയെ പുറത്താക്കിയത്.
Discussion about this post