ന്യൂഡല്‍ഹി: അയോധ്യ ഭൂമി തർക്കക്കേസിൽ വിധി പറഞ്ഞ സുപ്രിം കോടതി ജഡ്‌ജിമാർക്ക് രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, അശോക് ഭൂഷൺ,എസ്.എ അബ്ദുൽ നസീർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്. ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന അതിഥികളായാണ് ക്ഷണം.
ഇവരെ കൂടാതെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയ 50 ഓളം പേരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. വ്യത്യസ്‌ത മേഖലകളിൽ നിന്നുള്ള ഏഴായിരത്തോളം പേർക്കാണ് അയോധ്യയിലേക്ക് ക്ഷണം നൽകിയത്.
അതേ സമയം അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തിൽ ബാങ്കുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷ്ഠാ ദിനമായ 22നു ബാങ്കുകൾക്ക് ഉച്ച വരെയാണ് അവധി. കേന്ദ്ര ധനമന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്.
12.15 മുതൽ 12.45 വരെയുള്ള സമയത്തിനിടെയാണ് പ്രാണ പ്രതിഷ്ഠ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഉച്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, അസം, ഛത്തീസ്ഗഢ് അടക്കമുള്ള സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ തിങ്കളാഴ്ച ഉച്ച വരെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നു.
Discussion about this post