മഹാരാഷ്ട്ര: സോളാപൂരിലെ റായനഗര്‍ ഹൗസിങ് സൊസൈറ്റിയില്‍ പുതുതായി നിര്‍മിച്ച 15,000 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി പ്രധാനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളാണ് കൈമാറിയത്. രാജ്യത്തെ ഏറ്റവും വലിയ സൊസൈറ്റിയുടെ ഉദ്ഘാടനമാണ് ഇന്നിവിടെ നടന്നതെന്നും രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ പി.എം.എ.വൈ.-അര്‍ബന്‍ പദ്ധതി കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നോക്കാവസ്ഥയിലുള്ള ജനങ്ങളുടെ ജീവിതസാഹചര്യം ഉയര്‍ത്തുന്നതിനായുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നതിന് തെളിവാണ് നാമിപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട് ലഭിച്ചവരെ കാണുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്നും അവരുടെ അനുഗ്രഹത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്നും പ്രധാനമന്ത്രി നിറകണ്ണുകളോടെ പറഞ്ഞു. ഇതുപോലെ ഒരു വീടുവേണമെന്ന് കുട്ടിക്കാലത്ത് താനും ആഗ്രഹിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ ആയിരത്തോളം കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം സഫലമായി കാണുമ്പോള്‍ അതിരറ്റ സന്തോഷമുണ്ടെന്നും പറഞ്ഞ് പ്രധാനമന്ത്രി വികാരാധീനനായി.
മഹാരാഷ്ട്രയില്‍ മാത്രം 90,000 വീടുകള്‍ നിര്‍മിക്കാനും ജനങ്ങള്‍ക്ക് കൈമാറാനും സാധിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളുള്ള വാസയോഗ്യമായ വീടുകള്‍ സമൂഹത്തിലെ പിന്നോക്കാവസ്ഥയിലുള്ള ജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ.-അര്‍ബന്‍.

