ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും, ബാക്കി ഏഴ് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റവുമാണ് ചുമത്തിയിരുന്നത്. ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്.
1,3,7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതിനും തെളിവ് നശിപ്പിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. 1, 2,7,8 പ്രതികൾ അതിക്രമിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തിയതായും. 9-ാം പ്രതിയും 12-ാം പ്രതികൾക്കെതിരെ അതിക്രമിച്ച് കയറൽ, 1,3,7 പ്രതികൾ സാക്ഷികളെ ഉപദ്രവിച്ചതായും കോടതി കണ്ടെത്തി. ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളുമാണ് തെളിവായി ഹാജരാക്കിയിരുന്നത്. വിരലടയാളങ്ങൾ, ശാസ്ത്രീയ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ തയ്യാറാക്കിയ റൂട്ടുമാപ്പുകൾ തുടങ്ങിയ തെളിവുകളും കേസിൽ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് വിധി.
2021 ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രൺജീത്തിനെ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലേക്കുള്ള പ്രധാന വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് പന്ത്രണ്ടംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. ഇവര്‍ വാഹനങ്ങളില്‍ വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിരുന്നു. കേസിന്റെ വിചാരണ കഴിഞ്ഞ വർഷം അവസാനത്തോടെ പൂർത്തിയായിരുന്നു. ഇതോടെയാണ് ജഡ്ജി വി.ജി ശ്രീദേവി വിധി പുറപ്പെടുവിച്ചത്. ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ ആയിരുന്നു കേസിന്റെ അന്വേഷണം.
അതേ സമയം പ്രതികൾ കുറ്റക്കരാണെന്ന വിധിയിൽ സന്തോഷമുണ്ടെന്ന് അമ്മ വിനോദിനി പറഞ്ഞു. പരമാവധി ശിക്ഷ ലഭിക്കണമെന്നും അവർ പറഞ്ഞു. വിധി കേൾക്കാൻ കോടതിയിൽ രൺജിത്തിന്റെ അമ്മയും ഭാര്യയും മക്കളും എത്തിയിരുന്നു. നിലവിൽ മാവേലിക്കര ജില്ലാ ജയിലിലാണ് പ്രതികൾ.
Discussion about this post