ഡൽഹി: പ്രാണ പ്രതിഷ്ടയോടനുബന്ധിച്ച് അയോധ്യയിൽ എത്തിയിരിക്കുന്നത് പ്രമുഖരുടെ നീണ്ട നിര. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡൽഹിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ഡൽഹി പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും 7,000 അതിഥികളും ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരും അതിഥികളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ ദിവസം രാമവിഗ്രഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കർണാടകയിലെ മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജാണ് രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരിക്കുന്ന വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഷാലിഗ്രാം ശില കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളതാണ് ഷാലിഗ്രാമം പാറ. ഇത് ജല പ്രതിരോധശേഷിയുള്ളതാണ്.ചന്ദനം അടക്കമുള്ളവ പുരട്ടുന്നത് വിഗ്രഹത്തിന്റെ ശോഭയെ ബാധിക്കില്ല. ഇത് കറുത്ത നിറമുള്ള കല്ലാണ്. പുരാണങ്ങളിലും മതഗ്രന്ഥങ്ങളിലും ശാലിഗ്രാം കല്ല് വിഷ്ണുവിന്റെ രൂപമായും ശ്രീരാമനെ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായും കണക്കാക്കുന്നു. 51 ഇഞ്ച് ആണ് ഉയരം. ഏകദേശം 200 കിലോഗ്രാം ആണ് ഭാരം.
നിരവധി നിയമ-രാഷ്ട്രീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നൂറ്റാണ്ടുകൾ നീണ്ട ഒരു യാത്രയുടെ സമാപനമാണ് ഇന്ന് നടക്കുന്നത്. പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമൻറെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.
പ്രതിഷ്ഠാ ദിനം ദീപാവലി പോലെ മൺവിളക്കുകൾ കത്തിച്ചും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിക്കൊണ്ടും ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതോടൊപ്പം പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലേക്ക് വരാൻ തിരക്കുകൂട്ടരുതെന്നും മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ഔപചാരികമായ പരിപാടി കഴിഞ്ഞാൽ എല്ലാ ഭക്തർക്കും അവരുടെ സൗകര്യമനുസരിച്ച് അയോധ്യയിൽ വരാമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post